16.01.2020           Morning Malayalam Murli       Om Shanti           BapDada Madhuban


നിങ്ങള്ക്ക് നിങ്ങളുടെ യോഗബലത്തിലൂടെത്തന്നെ വികര്മ്മങ്ങളെ വിനാശമാക്കി പാവനമായി മാറി പാവനമായ ലോകം നിര്മ്മിക്കണം, ഇത് തന്നെയാണ് നിങ്ങളുടെ സേവനം.

ചോദ്യം :-
ദേവീ ദേവതാ ധര്മ്മത്തിന്റെ ഏതൊരു വിശേഷതക്കാണ് മഹിമയുള്ളത്?

ഉത്തരം :-
ദേവീ ദേവതാ ധര്മ്മം തന്നെയാണ് വളരെ സുഖം നല്കുന്നത്. അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഇല്ല. നിങ്ങള് കുട്ടികള് മുക്കാല് ഭാഗവും സുഖം അനുഭവിക്കുന്നു. അഥവാ പകുതി സുഖവും പകുതി ദുഃഖവുമാണെങ്കില് രസമേയില്ല.

ഓംശാന്തി.
ഭഗവാന് ഉച്ചരിക്കുകയാണ്. ഭഗവാന് തന്നെയാണ് മനസ്സിലാക്കിത്തന്നത് അതായത് ഒരു മനുഷ്യനേയും ഭഗവാന് എന്ന് വിളിക്കാന് പറ്റില്ല. ദേവതകളേയും ഭഗവാന് എന്നു പറയാന് പറ്റില്ല. ഭഗവാന് നിരാകാരനാണ്, ഭഗവാന് സൂക്ഷ്മമോ സ്ഥൂലമോ ആയ ഒരു രൂപവുമില്ല. സൂക്ഷ്മവതന വാസികള്ക്കുപോലും സൂക്ഷ്മത്തിലുള്ള രൂപമുണ്ട് അതിനാലാണ് അതിനെ സൂക്ഷ്മവതനം എന്ന് വിളിക്കുന്നത്. ഇവിടെ സാകാരത്തിലുള്ള മനുഷ്യശരീരമുണ്ട് അതിനാല് ഇതിനെ സ്ഥൂലവതനം എന്നു പറയുന്നു. സൂക്ഷ്മ വതനത്തില് 5 തത്വങ്ങള് കൊണ്ടുള്ള സ്ഥൂല ശരീരം ഉണ്ടാകില്ല. ഈ 5 തത്വങ്ങള് കൊണ്ടാണ് മനുഷ്യശരീരം നിര്മ്മിച്ചിരിക്കുന്നത്, ഇതിനെയാണ് മണ്പാവ എന്നു പറയുന്നത്. സൂക്ഷ്മവതന വാസികളെ മണ്പാവകള് എന്നു പറയില്ല. ദൈവീക പരമ്പരയില് ഉള്ളവരും മനുഷ്യര് തന്നെയാണ് പക്ഷേ അവരെ ദൈവീക ഗുണങ്ങളുള്ള മനുഷ്യര് എന്നാണ് പറയുക. ഈ ദൈവീക ഗുണങ്ങള് പ്രാപ്തമാക്കിയത് ശിവബാബയില് നിന്നാണ്. ദൈവീക ഗുണങ്ങള് നിറഞ്ഞ മനുഷ്യരും ആസുരീയ അവഗുണങ്ങള് നിറഞ്ഞ മനുഷ്യരും തമ്മില് എത്ര വ്യത്യാസമാണ്. ശിവാലയത്തിലും വേശ്യാലയത്തിലും വസിക്കുന്നതിന് യോഗ്യരായി മാറുന്നത് മനുഷ്യര് തന്നെയാണ്. സത്യയുഗത്തെയാണ് ശിവാലയം എന്നു പറയുന്നത്. സത്യയുഗം ഇവിടെത്തന്നെയാണ് ഉണ്ടാകുന്നത്. മൂലവതനത്തിലോ സൂക്ഷ്മവതനത്തിലോ അല്ല ഉണ്ടാകുന്നത്. നിങ്ങള് കുട്ടികള്ക്ക് അറിയാം അത് ശിവബാബയാല് സ്ഥാപിക്കപ്പെട്ട ശിവാലയമാണ്. എപ്പോള് സ്ഥാപിച്ചു? സംഗമത്തില്. ഇത് പുരുഷോത്തമ സംഗമയുഗമാണ്. ഇപ്പോള് ഈ ലോകം പതിതവും തമോപ്രധാനവുമാണ്. ഇതിനെ സതോപ്രധാനമായ പുതിയ ലോകം എന്ന് പറയില്ല. പുതിയ ലോകത്തെ സതോപ്രധാനം എന്നാണ് പറയുന്നത്. അതുതന്നെ പഴയതായി മാറുമ്പോള് അതിനെ തമോപ്രധാനം എന്നു പറയും. വീണ്ടും സതോപ്രധാനമായി മാറുന്നത് എങ്ങനെയാണ്? നിങ്ങള് കുട്ടികളുടെ യോഗബലത്തിലൂടെ. യോഗബലത്തിലൂടെ തന്നെയാണ് നിങ്ങളുടെ വികര്മ്മം വിനാശമാകുന്നത് മാത്രമല്ല നിങ്ങള് പവിത്രമായി മാറുകയും ചെയ്യും. പവിത്രമായവര്ക്കുവേണ്ടി പിന്നീട് തീര്ച്ചയായും പവിത്രമായ ലോകം വേണം. പുതിയ ലോകത്തെ പവിത്രമെന്നും പഴയ ലോകത്തെ അപവിത്ര ലോകമെന്നും പറയും. പവിത്രമായ ലോകം ബാബ സ്ഥാപിക്കുന്നു, പതിതമായ ലോകം സ്ഥാപിക്കുന്നത് രാവണനാണ്. ഈ കാര്യങ്ങള് ഒരു മനുഷ്യനും അറിയില്ല. ഈ 5 വികാരങ്ങള് ഇല്ലായിരുന്നെങ്കില് മനുഷ്യര് ദുഃഖികളായി എന്തിന് ബാബയെ ഓര്മ്മിക്കണം! ബാബ പറയുന്നു ഞാന് തന്നെയാണ് ദുഃഖ ഹര്ത്താവും സുഖ കര്ത്താവും. രാവണന്റെ അഥവാ 5 വികാരങ്ങളുടെ കോലമുണ്ടാക്കിയിട്ടുണ്ട്- 10 തലയുള്ളത്. ആ രാവണനെ ശത്രുവെന്ന് കരുതി കത്തിക്കുന്നു. ദ്വാപരത്തിന്റെ തുടക്കം മുതല്ക്കേ കത്തിക്കാന് തുടങ്ങി എന്നല്ല. എപ്പോഴാണോ തമോപ്രധാനമായി മാറുന്നത് അപ്പോള് വിവിധ അഭിപ്രായമുള്ളവര് ചേര്ന്ന് ഇരുന്ന് പുതിയ കാര്യങ്ങള് കണ്ടുപിടിക്കുന്നു. ആരെങ്കിലും കൂടുതല് ദുഃഖം നല്കുമ്പോള് അവരുടെ കോലം ഉണ്ടാക്കി കത്തിക്കുന്നു. അതിനാല് ഇവിടെയും എപ്പോഴാണോ കൂടുതല് ദുഃഖം മനുഷ്യര്ക്ക് ലഭിക്കുന്നത് അപ്പോള് രാവണന്റെ കോലമുണ്ടാക്കി കത്തിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് മുക്കാല് ഭാഗവും സുഖമാണ്. അഥവാ പകുതി ഭാഗം ദുഃഖമാണെങ്കില് പിന്നെ എന്തു രസമാണുള്ളത്! ബാബ പറയുന്നു നിങ്ങളുടെ ഈ ദേവീദേവതാ ധര്മ്മം വളരെ അധികം സുഖം നല്കുന്നതാണ്. സൃഷ്ടി അനാദിയായി ഉണ്ടാക്കപ്പെട്ടതല്ലേ. സൃഷ്ടി എന്തിന് ഉണ്ടാക്കിയതാണ്, എപ്പോള് പൂര്ത്തിയാകും? എന്നൊന്നും ആര്ക്കും ചോദിക്കാന് സാധിക്കില്ല. ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളാണെന്ന് പറയുന്നു. തീര്ച്ചയായും സംഗമയുഗവും ഉണ്ടാകും സൃഷ്ടിയ്ക്ക് പരിവര്ത്തനപ്പെടാന്. ഇപ്പോള് നിങ്ങള് എങ്ങനെ അനുഭവം ചെയ്യുന്നോ അതുപോലെ മറ്റാരും മനസ്സിലാക്കുന്നില്ല. ചെറുപ്പത്തിലെ പേരാണ് രാധാ-കൃഷ്ണന് എന്നത് പിന്നീട് സ്വയംവരം നടക്കുന്നു എന്നതുപോലും മനസ്സിലാക്കുന്നില്ല. രണ്ടുപേരും വ്യത്യസ്ത രാജധാനിയിലേതാണ് പിന്നീട് അവരുടെ സ്വയംവരം നടക്കുമ്പോള് ലക്ഷ്മീ നാരായണനായി മാറുന്നു. ഈ മുഴുവന് കാര്യങ്ങളും ബാബ മനസ്സിലാക്കിത്തരുന്നു. ബാബ തന്നെയാണ് ജ്ഞാനസാഗരം. ബാബ എല്ലാം അറിയുന്നയാളാണ് എന്നല്ല. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് ബാബ വന്ന് ജ്ഞാനം നല്കുകയാണ് ചെയ്യുന്നത്. ജ്ഞാനം പാഠശാലയിലാണ് ലഭിക്കുക. പാഠശാലയില് ലക്ഷ്യം തീര്ച്ചയായും ഉണ്ടാകണം. ഇപ്പോള് നിങ്ങള് പഠിച്ചുകൊണ്ടിരിക്കുകയാണ്. മോശമായ ലോകത്തില് രാജ്യം ഭരിക്കാന് സാധിക്കില്ല. രാജ്യം ഭരിക്കുന്നത് പുഷ്പങ്ങളുടെ ലോകത്തിലാണ്. രാജയോഗം സത്യയുഗത്തില് പഠിപ്പിക്കുമോ. സംഗമയുഗത്തില് തന്നെയാണ് ബാബ രാജയോഗം പഠിപ്പിക്കുന്നത്. ഇത് പരിധിയില്ലാത്ത കാര്യമാണ്. ബാബ എപ്പോഴാണ് വരുന്നത് എന്ന് ആര്ക്കും അറിയില്ല. ഘോരാന്ധകാരത്തിലാണ്. ജ്ഞാനസൂര്യന്റെ പേരില് ജപ്പാനില് ആളുകള് സൂര്യവംശികളാണ് എന്ന് പറയാറുണ്ട്. വാസ്തവത്തില് സൂര്യവംശികള് ദേവതകളാണ്. സൂര്യവംശികളുടെ രാജ്യം സത്യയുഗത്തില് തന്നെയായിരുന്നു ഉണ്ടായിരുന്നത്. പാടാറുണ്ട് ജ്ഞാനസൂര്യന് ഉദിച്ചു.......... എങ്കില് ഭക്തിമാര്ഗ്ഗത്തിന്റെ അന്ധകാരം വിനാശമാകും. പുതിയലോകം തന്നെ പഴയതും, പഴയലോകം തന്നെ വീണ്ടും പുതിയതുമാകും. ഇത് പരിധിയില്ലാത്ത വളരെ വലിയ വീടാണ്. എത്ര വലിയ സ്റ്റേജാണ്. സൂര്യ ചന്ദ്ര നക്ഷത്രങ്ങള് എത്ര പ്രയോജനം ചെയ്യുന്നു. രാത്രിയില് വളരെ അധികം ഉപയോഗപ്പെടുന്നു. ഇങ്ങനെയും ചില രാജാക്കന്മാരുണ്ട് അവര് പകല് കിടന്നുറങ്ങുകയും രാത്രിയില് സഭ കൂടുകയും ചെയ്യും, വിനിമയം നടത്തും. ഇത് ഇപ്പോഴും പലയിടത്തും നടന്നുവരുന്നുണ്ട്. മില്ലുകളും രാത്രിയാണ് പ്രവര്ത്തിക്കുക. ഇത് പരിധിയുള്ള രാത്രിയും പകലും. അത് പരിധിയില്ലാത്ത കാര്യമാണ്. ഈ കാര്യങ്ങള് നിങ്ങളുടെയല്ലാതെ മറ്റാരുടേയും ബുദ്ധിയില് ഇല്ല. ശിവബാബയേയും അറിയില്ല. ബാബ ഓരോ കാര്യങ്ങളും മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. ബ്രഹ്മാവിനെക്കുറിച്ചും മനസ്സിലാക്കിത്തന്നിട്ടുണ്ട്- ഇത് പ്രജാപിതാ ബ്രഹ്മാവാണ്. ബാബ സൃഷ്ടി രചിക്കുമ്പോള് തീര്ച്ചയായും ആരിലെങ്കിലും പ്രവേശിക്കും. പാവനമായ മനുഷ്യര് സത്യയുഗത്തിലേ ഉണ്ടാകൂ. കലിയുഗത്തില് എല്ലാവരും വികാരത്തിലൂടെ ജന്മം എടുക്കുന്നവരാണ് അതിനാലാണ് പതിതര് എന്നു പറയുന്നത്. മനുഷ്യര് ചോദിക്കും വികാരമില്ലാതെ സൃഷ്ടി എങ്ങനെ നടക്കും? ഹേയ്, ദേവതകളെ നിങ്ങള് സമ്പൂര്ണ്ണ നിര്വ്വികാരികള് എന്നല്ലേ വിളിക്കുന്നത്. എത്ര ശുദ്ധിയോടുകൂടിയാണ് അവരുടെ ക്ഷേത്രങ്ങള് നിര്മ്മിക്കുന്നത്. ബ്രാഹ്മണരെയല്ലാതെ മറ്റാരെയും ഉള്ളിലേയ്ക്ക് പോകാന് അനുവദിക്കില്ല. വാസ്തവത്തില് ഈ ദേവതകളെ വികാരികളായ ആര്ക്കും തൊടാന് പോലും കഴിയില്ല. പക്ഷേ ഇക്കാലത്ത് പൈസകൊണ്ടാണ് എല്ലാം നടക്കുന്നത്. ആരെങ്കിലും വീട്ടില് ക്ഷേത്രം നിര്മ്മിക്കുകയാണെങ്കില് ബ്രാഹ്മണനെത്തന്നെയാണ് വിളിക്കുക. ഇപ്പോള് ആ ബ്രാഹ്മണനും വികാരി തന്നെയാണ്, ബ്രാഹ്മണന് എന്ന പേരുമാത്രമേയുള്ളു. ഈ ലോകം തന്നെ വികാരികളുടേതായതിനാല് പൂജയും വികാരികള് തന്നെയാണ് ചെയ്യുന്നത്. നിര്വ്വികാരികള് എവിടെനിന്നു വരാനാണ്! നിര്വ്വികാരികള് സത്യയുഗത്തില് മാത്രമേ ഉണ്ടാകൂ. ആരാണോ വികാരത്തിലേയ്ക്ക് പോകാത്തത് അവരെ നിര്വ്വികാരി എന്നു പറയും എന്നല്ല. എന്തായാലും ശരീരം വികാരത്തിലൂടെ ജന്മമെടുത്തതല്ലേ. ബാബ ഒരു കാര്യമേ പറഞ്ഞിട്ടുള്ളു ഇതുമുഴുവന് രാവണ രാജ്യമാണ്. രാമരാജ്യത്തില് സമ്പൂര്ണ്ണ നിര്വ്വികാരികളാണ്, രാവണ രാജ്യത്തില് വികാരികളാണ്. സത്യയുഗത്തില് പവിത്രതയുണ്ടായിരുന്നതിനാല് ശാന്തിയും സമ്പത്തും ഉണ്ടായിരുന്നു. നിങ്ങള്ക്ക് കാണിച്ചുകൊടുക്കാന് സാധിക്കും സത്യയുഗത്തില് ഈ ലക്ഷ്മീ നാരായണന്മാരുടെ രാജ്യമുണ്ടായിരുന്നല്ലോ. അവിടെ 5 വികാരങ്ങള് ഉണ്ടാവില്ല. അത് പവിത്രമായ രാജ്യമാണ്, അത് ഭഗവാന് സ്ഥാപിച്ചതാണ്. ഭഗവാന് പതിതമായ ലോകം സ്ഥാപിക്കില്ലല്ലോ. സത്യയുഗത്തില് അഥവാ പതിതര് ഉണ്ടായിരുന്നെങ്കില് വിളിക്കുമായിരുന്നില്ലേ. അവിടെയാണെങ്കില് ആരും വിളിക്കുന്നതേയില്ല. സുഖത്തില് ആരും ഓര്മ്മിക്കുന്നില്ല. പരമാത്മാവിന്റെ മഹിമയും പാടുന്നുണ്ട്- സുഖസാഗരന്, പവിത്രതയുടെ സാഗരന്......... ശാന്തിയുണ്ടാകണം എന്ന് പറയുന്നുണ്ട്. ഇപ്പോള് മനുഷ്യന് എങ്ങനെ മുഴുവന് ലോകത്തിലും ശാന്തി കൊണ്ടുവരും? ശാന്തിയുള്ള ഒരേയൊരു രാജ്യം സ്വര്ഗ്ഗത്തിലായിരുന്നു ഉണ്ടായിരുന്നത്. ആരെങ്കിലും പരസ്പരം വഴക്കടിക്കുകയാണെങ്കില് പെട്ടെന്ന് ശാന്തമാക്കേണ്ടി വരുന്നു. അവിടെയാണെങ്കില് ഒരേയൊരു രാജ്യമേ ഉണ്ടാകൂ.

ബാബ പറയുന്നു ഈ പഴയ ലോകത്തിനുതന്നെയാണ് ഇപ്പോള് അവസാനിക്കേണ്ടത്. ഈ മഹാഭാരതയുദ്ധത്തില് എല്ലാം വിനാശമാകും. വിനാശകാലേ വിപരീത ബുദ്ധി- എന്നും എഴുതിയിട്ടുണ്ട്. തീര്ച്ചയായും പാണ്ഢവര് നിങ്ങളല്ലേ. നിങ്ങളാണ് ആത്മീയ വഴികാട്ടികള്. എല്ലാവര്ക്കും മുക്തിധാമത്തിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നു. അതാണ് ആത്മാക്കളുടെ വീടായ ശാന്തിധാമം. ഇതാണ് ദുഃഖധാമം. ഇപ്പോള് ബാബ പറയുന്നു ഈ ദുഃഖധാമത്തെ കണ്ടുകൊണ്ടും മറന്നേയ്ക്കു. ഇപ്പോള് നമുക്ക് ശാന്തിധാമത്തിലേയ്ക്ക് പോകണം, അത്രയേയുള്ളു. ഇത് ആത്മാവാണ് പറയുന്നത്, ആത്മാവ് സാക്ഷാത്ക്കാരം ചെയ്യുന്നു. ആത്മാവിന് സ്മൃതി ഉണ്ടായിരിക്കുന്നു ഞാന് ആത്മാവാണെന്ന്. ബാബ പറയുന്നു ഞാന് എന്താണോ എങ്ങനെയാണോ...... മറ്റാര്ക്കും മനസ്സിലാക്കാന് കഴിയില്ല. നിങ്ങള്ക്കുതന്നെയാണ് മനസ്സിലാക്കിത്തന്നിരിക്കുന്നത്- ഞാന് ബിന്ദുവാണ്. നമ്മള് എങ്ങനെയാണ് 84 ന്റെ ചക്രം കറങ്ങിവന്നത് എന്നത് നിങ്ങള്ക്ക് ഇടക്കിടെ ബുദ്ധിയില് വരണം. ഇതില് ബാബയേയും ഓര്മ്മവരും വീടും ഓര്മ്മവരും പിന്നെ ചക്രവും ഓര്മ്മ വരും. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും നിങ്ങള്ക്കുമാത്രമേ അറിയൂ. എത്ര കഷണങ്ങളായി. എത്ര യുദ്ധങ്ങള് നടന്നു. സത്യയുഗത്തില് യുദ്ധത്തിന്റെ കാര്യമേയില്ല. രാമരാജ്യം എവിടെ, രാവണരാജ്യം എവിടെ. ഇപ്പോള് നിങ്ങള്ക്ക് ഈശ്വരീയ രാജ്യത്തില് ഇരിക്കുന്നതുപോലെയാണ് എന്തുകൊണ്ടെന്നാല് ഈശ്വരന് ഇവിടേയ്ക്ക് വന്നിരിക്കുകയാണ് രാജ്യം സ്ഥാപിക്കാനായി. ഈശ്വരന് സ്വയം രാജ്യം ഭരിക്കുന്നില്ല, സ്വയം രാജ്യപദവി സ്വീകരിക്കുന്നില്ല. നിഷ്കാമ സേവനം ചെയ്യുന്നു. ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ് സര്വ്വാത്മാക്കളുടേയും പിതാവ്. ബാബാ എന്ന് പറയുന്നതിലൂടെ പൂര്ണ്ണമായും സന്തോഷത്തിന്റെ അതിര് കടക്കണം. നിങ്ങളുടെ അന്തിമ അവസ്ഥയാണ് അതീന്ദ്രിയസുഖം എന്ന് പാടപ്പെട്ടിട്ടുള്ളത്. പരീക്ഷയുടെ ദിവസം അടുത്തേയ്ക്ക് വരുമ്പോള് എല്ലാത്തിന്റേയും സാക്ഷാത്ക്കാരം ഉണ്ടാകും. അതീന്ദ്രിയസുഖവും കുട്ടികള്ക്ക് നമ്പര്വൈസായാണ് ഉള്ളത്. ചിലരാണെങ്കില് ബാബയുടെ ഓര്മ്മയില് വളരെ സന്തോഷത്തോടെയിരിക്കുന്നു.

നിങ്ങള് കുട്ടികള്ക്ക് മുഴുവന് ദിവസവും ഈ അനുഭവം ഉണ്ടാകണം അതായത് ആഹാ, ബാബാ, അങ്ങ് ഞങ്ങളെ എന്തില് നിന്നും എന്താക്കി മാറ്റി! അങ്ങയില് നിന്നും ഞങ്ങള്ക്ക് എത്ര സുഖം ലഭിക്കുന്നു............. ബാബയെ ഓര്മ്മിച്ച് ആനന്ദാശ്രു വരണം. അത്ഭുതമാണ്, അങ്ങ് വന്ന് ഞങ്ങളെ ദുഃഖത്തില് നിന്നും മോചിപ്പിക്കുന്നു, വിഷയസാഗരത്തില് നിന്നും ക്ഷീരസാഗരത്തിലേയ്ക്ക് കൊണ്ടുപോകുന്നു, മുഴുവന് ദിവസവും ഈ അനുഭവമായിരിക്കണം. ബാബ നിങ്ങളുടെ ഓര്മ്മയുണര്ത്തുമ്പോള് നിങ്ങള് ആനന്ദത്താല് എത്രത്തോളം തുള്ളിച്ചാടുന്നു. ശിവബാബ നമ്മെ രാജയോഗം പഠിപ്പിക്കുകയാണ്. ശിവരാത്രിയും ആഘോഷിക്കുന്നുണ്ട്. പക്ഷേ മനുഷ്യര് ശിവബാബയുടെ പേരിനു പകരം ശ്രീകൃഷ്ണന്റെ പേര് ഗീതയില് ഇട്ടു. ഇത് ഏറ്റവും വലിയ ഒരു തെറ്റാണ്. നമ്പര്വണ് ആയിട്ടുള്ള ഗീതയില് തന്നെ തെറ്റ് സംഭവിച്ചു. ഡ്രാമതന്നെ ഇങ്ങനെ ഉണ്ടാക്കപ്പെട്ടതാണ്. ബാബ വന്ന് ഈ തെറ്റ് മനസ്സിലാക്കിത്തരുന്നു അതായത് പതിത പാവനന് ഞാനാണോ അതോ കൃഷ്ണനാണോ? നിങ്ങള്ക്ക് രാജയോഗം പഠിപ്പിച്ചുതന്ന് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റിയത് ഞാനാണ്. മഹിമയും എന്നെക്കുറിച്ചല്ലേ. അകാലമൂര്ത്തി, അജന്മാവ്............ കൃഷ്ണന് ഈ മഹിമ കൊടുക്കാന് കഴിയില്ലല്ലോ. കൃഷ്ണന് പുനര്ജന്മങ്ങളില് വരുന്നവരാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലും നമ്പര്വൈസായാണ് ഈ കാര്യങ്ങള് ഇരിക്കുന്നത്. ജ്ഞാനത്തോടൊപ്പം പെരുമാറ്റവും വളരെ നല്ലതായിരിക്കണം. മായയും കുറവൊന്നുമല്ല. ആരാണോ ആദ്യം വരുന്നത് അവര് വളരെ ശക്തിശാലികളായിരിക്കും. പാര്ട്ടുധാരികളും വ്യത്യസ്ത തരത്തില് ഉണ്ടാകുമല്ലോ. ഹീറോ- ഹീറോയിനിന്റെ പാര്ട്ട് ഭാരതവാസികള്ക്കാണ് ലഭിച്ചിരിക്കുന്നത്. നിങ്ങള് എല്ലാവരേയും രാവണ രാജ്യത്തില് നിന്നും രക്ഷിക്കുന്നു. ശ്രീമതത്തിലൂടെ നിങ്ങള്ക്ക് എത്ര ബലം ലഭിക്കുന്നു. മായയും വളരെ സമര്ത്ഥനാണ്, മുന്നോട്ട് പോകെപ്പോകെ ചതിക്കും.

ബാബ സ്നേഹസാഗരനാണ് അതിനാല് നിങ്ങള് കുട്ടികളും ബാബയ്ക്കു സമാനം സ്നേഹ സാഗരമാകണം. ഒരിയ്ക്കലും കയ്പ്പുള്ള വാക്കുകള് പറയരുത്. ആര്ക്കെങ്കിലും ദുഃഖം നല്കിയാല് ദുഃഖിയായി മരിക്കും. ഇങ്ങനെയുള്ള ശീലങ്ങളെല്ലാം ഇല്ലാതാക്കണം. വിഷയസാഗരത്തില് മുങ്ങിത്താഴുക എന്നതാണ് ഏറ്റവും മോശമായ ശീലം. ബാബയും പറയുന്നു കാമം മഹാശത്രുവാണ്. എത്ര പെണ്കുട്ടികളാണ് അടി കൊള്ളുന്നത്. ചിലര് മകളോട് പറയും പവിത്രമായി മാറൂ എന്ന്. ഹേയ്, ആദ്യം സ്വയം പവിത്രമായി മാറൂ. മകളെ നല്കി, ചിലവില് നിന്നെല്ലാം രക്ഷപ്പെട്ടു, എന്തെന്നാല് കരുതുന്നു, അവളുടെ ഭാഗ്യത്തില് എന്താണ് എഴുതിയിരിക്കുന്നത്, നല്ല വീട് കിട്ടുമോ അതോ ഇല്ലയോ എന്നറിയില്ല. ഇന്നുകാലത്ത് ചിലവും കൂടുതലാണ്. പാവപ്പെട്ടവര് പെട്ടെന്ന് നല്കും. ചിലര്ക്കാണെങ്കില് മോഹമുണ്ടാകും. മുമ്പ് ഒരു ആദിവാസി പെണ്കുട്ടി വരുമായിരുന്നു, അവരെ ജ്ഞാനത്തിലേയ്ക്ക് വരാന് അനുവദിച്ചില്ല എന്തുകൊണ്ടെന്നാല് മന്ത്രവിദ്യയുടെ പേടിയുണ്ടായിരുന്നു. ഭഗവാനെ മാന്ത്രികന് എന്നും പറയാറുണ്ട്. ദയാഹൃദയന് എന്നും ഭഗവാനെത്തന്നെയാണ് പറയുന്നത്. കൃഷ്ണനെ ഇങ്ങനെ പറയുമോ. ദയയില്ലാത്തവരില് നിന്നും മോചിപ്പിക്കുന്നയാളാണ് ദയാഹൃദയന്. ദയയില്ലാത്തയാള് രാവണനാണ്.

ആദ്യമാദ്യം ജ്ഞാനമാണ്. ജ്ഞാനം, ഭക്തി പിന്നെ വൈരാഗ്യം. ഭക്തി, ജ്ഞാനം പിന്നെ വൈരാഗ്യം ഇങ്ങനെയല്ല. ജ്ഞാനത്തോടുള്ള വൈരാഗ്യം എന്ന് എപ്പോഴെങ്കിലും പറയുമോ. ഭക്തിയോടുള്ള വൈരാഗ്യം എന്നാണ് പറയാറ് അതിനാല് ജ്ഞാനം, ഭക്തി പിന്നെ വൈരാഗ്യം ഇതാണ് ശരിയായ വാക്കുകള്. ബാബ നിങ്ങളില് പഴയ ലോകത്തോടുള്ള പരിധിയില്ലാത്ത വൈരാഗ്യം ഉണ്ടാക്കുന്നു. സന്യാസിയ്ക്ക് കേവലം വീടിനോടാണ് വൈരാഗ്യമുള്ളത്. ഇതും ഡ്രാമയില് അടങ്ങിയതാണ്. മനുഷ്യരുടെ ബുദ്ധിയില് ഇരിക്കുന്നേയില്ല. ഭാരതം 100 ശതമാനം സമ്പന്നവും നിര്വ്വികാരിയും ആരോഗ്യമുള്ളതുമായിരുന്നു, ഒരിയ്ക്കലും അകാലമൃത്യു സംഭവിച്ചിരുന്നില്ല, ഈ മുഴുവന് കാര്യങ്ങളും ധാരണയാകുന്നത് വളരെ കുറച്ചുപേര്ക്കാണ്. ആരാണോ നല്ലരീതിയില് സേവനം ചെയ്യുന്നത് അവര് വളരെ വലിയ സമ്പന്നരായി മാറും. കുട്ടികള്ക്ക് മുഴുവന് ദിവസവും ബാബാ ബാബാ എന്നതുതന്നെയായിരിക്കണം ഓര്മ്മയിലുണ്ടാകേണ്ടത്. പക്ഷേ മായ ഓര്മ്മിക്കാന് അനുവദിക്കുന്നില്ല. ബാബ പറയുന്നു സതോപ്രധാനമാകണമെങ്കില് നടക്കുമ്പോഴും, കറങ്ങുമ്പോഴും, കഴിക്കുമ്പോഴും എന്നെ ഓര്മ്മിക്കു. ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു, എന്നാലും നിങ്ങള് ഓര്മ്മിക്കില്ലേ! ഒരുപാടുപേര്ക്ക് മായയുടെ കൊടുങ്കാറ്റ് വളരെ അധികം വരുന്നു. ബാബ മനസ്സിലാക്കിത്തരുന്നു- ഇത് ഉണ്ടാവുകതന്നെ ചെയ്യും. ഡ്രാമയില് ഉള്ളതാണ്. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ഉണ്ടാവുകതന്നെ വേണം. പുതിയ ലോകം സദാ നിലനില്ക്കുകയുമില്ല. ചക്രം കറങ്ങുമ്പോള് തീര്ച്ചയായും താഴേയ്ക്ക് വരുകതന്നെ ചെയ്യും. എല്ലാ വസ്തുക്കള്ക്കും പുതിയതില് നിന്നും പഴയതായി തീര്ച്ചയായും മാറണം. ഈ സമയത്ത് മായ എല്ലാവരേയും ഏപ്രില് ഫൂളാക്കി മാറ്റിയിരിക്കുന്നു, ബാബ വന്ന് പുഷ്പമാക്കി മാറ്റുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാത്പിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്കാരവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയ്ക്കുസമാനം സ്നേഹസാഗരമായി മാറണം. ഒരിയ്ക്കലും ആര്ക്കും ദുഃഖം നല്കരുത്. കയ്പ്പുള്ള വാക്കുകള് പറയരുത്. മോശമായ ശീലങ്ങളെ ഉപേക്ഷിക്കണം.

2) ബാബയോട് മധുര മധുരമായി സംസാരിച്ചുകൊണ്ട് ഈ അനുഭവത്തില് ഇരിക്കണം അതായത് അല്ലയോ ബാബാ, അങ്ങ് ഞങ്ങളെ എന്തില് നിന്നും എന്താക്കി മാറ്റിയിരിക്കുന്നു! അങ്ങ് ഞങ്ങള്ക്ക് എത്ര സുഖം നല്കി! ബാബാ, അങ്ങ് ക്ഷീരസാഗരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു............ മുഴുവന് ദിവസവും ബാബാ ബാബാ എന്ന് ഓര്മ്മയുണ്ടാകണം.

വരദാനം :-

തന്റെ ഓരോ കര്മ്മത്തിലൂടെയും വിശേഷതയിലൂടെയും ദാതാവിന് നേരെ സൂചന നല്കുന്ന സത്യമായ സേവാധാരിയായി ഭവിക്കട്ടെ.

സത്യമായ സേവാധാരി ഏത് ആത്മാവിനും സഹയോഗം കൊടുത്ത് സ്വയത്തിന് തടസ്സം സൃഷ്ടിക്കുകയില്ല. അവര് എല്ലാവരുടെയും കണക്ഷന് ഒരു ബാബയുമായി ചെയ്യിപ്പിക്കും. അവരുടെ ഓരോ വാക്കും ബാബയുടെ സ്മൃതി ഉണര്ത്തുന്നതായിരിക്കും. അവരുടെ ഓരോ കര്മ്മത്തിലൂടെയും ബാബയെ കാണപ്പെടും. എന്റെ വിശേഷത കാരണമാണ് ഇവര് എന്റെ സഹയോഗിയായത് എന്ന സങ്കല്പം പോലും അവര്ക്ക് വരില്ല. അഥവാ നിങ്ങളെ കണ്ടു, ബാബയെ നോക്കിയില്ല എങ്കില് അത് സേവനം ചെയ്തതല്ല, ബാബയെ മറക്കലാണ്. സത്യമായ സേവാധാരി സത്യത്തിന് നേരെ എല്ലാവരുടെയും സംബന്ധം യോജിപ്പിക്കും, സ്വയത്തോടല്ല.

സ്ലോഗന് :-
ഏതു വിധത്തിലുമുള്ള ഹരജിയിടുന്നതിനും പകരം സദാ രാജി(ഒത്തുതീര്പ്പ്)യാകൂ.


അവ്യക്തസ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടിയുള്ള വിശേഷ ഹോംവര്ക്ക് : അഭ്യാസം ചെയ്യൂ അതായത് ഈ സ്ഥൂലദേഹത്തില് പ്രവേശിച്ച് കര്മ്മേന്ദ്രിയങ്ങളെക്കൊണ്ട് കാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എപ്പോള് ആഗ്രഹിക്കുന്നുവോ പ്രവേശിക്കൂ, എപ്പോള് ആഗ്രഹിക്കുന്നുവോ വേറിടൂ. ഒരു സെക്കന്റില് ധാരണ(ശരീരം) ചെയ്യൂ, ഒരു സെക്കന്റില് ദേഹബോധത്തെ ഉപേക്ഷിച്ച് ദേഹിയായി മാറൂ, ഈ അഭ്യാസം തന്നെയാണ് അവ്യക്തസ്ഥിതിയുടെ ആധാരം.